തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് റെയില്‍വേക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍. ഇത് കൂടാതെ റെയില്‍വേ പത്ത് ലോഡ് മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചെന്നും പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും നോട്ടീസ് നല്‍കിയിട്ടും റെയില്‍വേ പ്രതികരിച്ചിട്ടില്ലെന്നും മേയര്‍ പറഞ്ഞു.റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന സമീപനം ഒരു ശരിയായ സമീപനമല്ലെന്ന് മേയര്‍ ആര്യ ചൂണ്ടിക്കാട്ടി.
കൊച്ചുവേളി റയില്‍വേ സ്റ്റേഷന് സമീപം കുമിഞ്ഞ് കൂടി കിടന്ന മാലിന്യം നീക്കം ചെയ്യാന്‍ റയില്‍വേ ഒരു ഏജന്‍സിയെ ഏല്‍പ്പിച്ചു. ആ ഏജന്‍സി നഗരമധ്യത്തില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിക്ഷേപിക്കുകയായിരുന്നു . ഇത് കയ്യോടെ പിടികൂടിയതോടെയാണ് ഇത് റെയില്‍വേ ഭൂമിയിലെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റെയില്‍വേക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ ഭാഗമായ സ്ഥാപനത്തില്‍ നിന്ന് തുടര്‍ച്ചയായ ഈ പ്രവണത ഗുരുതര വിഷയമാണ്. നഗരസഭ മറ്റു നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് തീരൂമാനം. റെയില്‍വേയുടെ തെറ്റായ നടപടികള്‍ കോടതിയുടെ മുന്നില്‍ കൊണ്ടുവരും. നിയമ സംവിധാനങ്ങളെ കാറ്റില്‍ പറത്തുന്ന ഈ പ്രവണത ശരിയല്ല. തെറ്റ് തിരുത്താനുള്ള ശ്രമം ഉണ്ടാവണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

