എ.ഡി.എമ്മിന്റെ മരണം: ടി വി പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പുറത്താക്കും ; മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയ ടി വി പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ആരോഗ്യ വകുപ്പ്.
‘സംഭവത്തിന് ശേഷം അയാള്‍ ജോലിക്ക് വരുന്നില്ല. അയാള്‍ ഇനി സര്‍വിസില്‍ ഉണ്ടാകാന്‍ പാടില്ല. അതിനുള്ള നിയമപരമായ കാര്യങ്ങള്‍ നോക്കും’ -മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു തരത്തിലും അങ്ങനെയുള്ള ഒരാളെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. പ്രാഥമികമായ ചില വിവരങ്ങളാണ് പ്രിന്‍സിപ്പല്‍ ഡിഎംഇയ്ക്ക് നല്‍കിയിട്ടുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇയാള്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള റെഗുലറൈസ് പ്രക്രിയയുടെ പട്ടികയില്‍ ഉള്ള ആളാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പെട്രോള്‍ പാമ്പിന്റെ അപേക്ഷകന്‍ പ്രശാന്തന്‍ ആണോ എന്ന് അറിയില്ലെന്നും സംഭവത്തിന് ശേഷം അയാള്‍ ജോലിക്ക് വരുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്ത് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഇനി റെഗുലറൈസ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നിയമ ഉപദേശം കൂടി തേടിയിട്ടുണ്ട്. ഡിഎംഇയോടും സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ നാളെ പരിയാരത്ത് പോകുമെന്നും മന്ത്രി പറഞ്ഞു.

താന്‍ തന്നെ നേരിട്ട് ഡിഎംഒയേയും പ്രിന്‍സിപ്പലിനേയും സൂപ്രണ്ടിനേയും വിളിച്ചു. അടിയന്തരമായി മെഡില്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പാര്‍ട്ടിയ്ക്ക് രണ്ട് അഭിപ്രായം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *