മാമി തിരോധാനം; കാണാതായ ഡ്രൈവറേയും ഭാര്യയേയും ഗുരുവായൂരില്‍ കണ്ടെത്തി

കോഴിക്കോട്: മാമി തിരോധാനക്കേസില്‍ കാണാതായ ഡ്രൈവര്‍ രജിത്ത് കുമാറിനേയും ഭാര്യ തുഷാരയേയും കണ്ടെത്തി. ഗുരുവായൂരില്‍വെച്ചാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്. ഇവര്‍ ഗുരുവായൂരില്‍ മുറിയെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. രജിത്തിനേയും ഭാര്യയേയും വെള്ളിയാഴ്ച തന്നെ നാട്ടില്‍ എത്തിക്കും.

മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെ രജിത്തിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍ സുമര്‍ജിത്ത് നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ ഡ്രൈവറായിരുന്നു രജിത്ത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍നിന്നു പോയ ഇരുവരും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച മുറി വെക്കേറ്റ് ചെയ്ത് ലോഡ്ജില്‍നിന്നു പോയെന്നും പിന്നീട് ഇരുവരെക്കുറിച്ചു വിവരവുമില്ലെന്നായിരുന്നു സഹോദരന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *