കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. അപ്പന്റെ മൃതദേഹം പള്ളിയില്‍ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് മകള്‍ ആശ വാദിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ആശ തടഞ്ഞതോടെ പൊലീസ് ഇടപെടുകയായിരുന്നു. ആ സമയത്ത് വനിത പ്രവര്‍ത്തകര്‍ മദ്രാവാക്യം വിളി തുടര്‍ന്നു. ഇതു കേട്ട ആശ സി.പി.എം മൂര്‍ദാബാദ് എന്ന് വിളിച്ചു. പിന്നാലെ ആശയും വനിത പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. മൃതദേഹം പുറത്തേക്കെടുക്കാന്‍ ആശയും മകനും തടസ്സം നില്‍ക്കുകയും ചെയ്തു.തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറുന്നതിനെ എതിര്‍ത്ത് മകള്‍ ആശ ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി മൃതദേഹം തല്‍കാലം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഉത്തരവിട്ടത്.
