കൊച്ചി: മൂന്ന് മാസം മുമ്പ് മരണപ്പെട്ട സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ നല്‍കിയ ഹരജി ഹൈകോടതി തള്ളി. മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധിപറഞ്ഞത്.
സെപ്റ്റംബര്‍ 21നാണ് എം.എം. ലോറന്‍സ് മരിച്ചത്. മക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം കൊച്ചി ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലോറന്‍സ് ജീവിച്ചിരുന്ന സമയത്ത് മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മകന്‍ സജീവന്‍ വ്യക്തമാക്കി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനാകില്ലെന്നും മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
