കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്(94) അന്തരിച്ചു. ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എറണാകുളം ജില്ലയില്‍ സി.പി.എമ്മിനെ വളര്‍ത്തിയ നേതാക്കളില്‍ പ്രമുഖനാണ് എം.എം. ലോറന്‍സ്. കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, സി.ഐ.ടി.യു ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, എല്‍.ഡി.എഫ്. കണ്‍വീനര്‍ തുടങ്ങിയനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം. മാടമാക്കല്‍ മാത്യു ലോറന്‍സ് എന്നതാണ് ശരിയായ പേര്.
1998 മുതല്‍ 2013 വരെ സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. 2002-ല്‍ എറണാകുളം ജില്ലാക്കമ്മറ്റി അംഗമായ ലോറന്‍സ് 2005-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വച്ച് പാര്‍ട്ടി സംസ്ഥാന സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2015-ല്‍ ആലപ്പുഴയില്‍ നടന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം പ്രായാധിക്യത്തെ തുടര്‍ന്ന് ലോറന്‍സിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവാണ്.
