മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; മോദിക്കും അമിത് ഷായ്ക്കും തുല്യമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ആര്‍.എസ്.എസ്. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി. സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ കാറ്റഗറിയിലേയ്ക്കാണ് മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ധിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.

തീവ്ര ഇസ്ലാമിക സംഘടനകളില്‍ നിന്നുള്‍പ്പെടെ മോഹന്‍ ഭാഗവതിന് ഭീഷണി നേരിടുന്നുണ്ടെന്നും ബി.ജെ.പി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ സര്‍ക്കാര്‍ ഏജന്‍സികള്‍ തികച്ചും അശ്രദ്ധമായ രീതിയിലാണ് ആര്‍.എസ്.എസ്. നേതാവിന്റെ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് സെഡ് പ്ലസ് കാറ്റഗറിയില്‍നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ കാറ്റഗറി സുരക്ഷ മോഹന്‍ ഭാഗവതിന് നല്‍കാന്‍ തീരുമാനമായത്.

സി.ഐ.എസ്.എഫിനാണ് സുരക്ഷാ ചുമതല. ഭാഗവതിന്റെ സുരക്ഷ ഉയര്‍ത്താന്‍ രണ്ടാഴ്ച മുമ്പ് എടുത്ത തീരുമാനം എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഹന്‍ ഭാഗവത് സഞ്ചരിക്കുന്ന വഴികളില്‍ ഇനി മുതല്‍ കനത്ത സുരക്ഷാ ക്രമീകരണമായിരിക്കും. കേന്ദ്ര ഏജന്‍സികളുമായി സഹകരിച്ച് സംസ്ഥാന പോലീസും മറ്റു ഡിപ്പാര്‍ട്‌മെന്റുകളും ഇത് വ്യന്യസിക്കും. വിമാന യാത്രകള്‍ക്കും ട്രെയിന്‍ യാത്രകള്‍ക്കും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോള്‍ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *