ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പ്രണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പ്രാണപ്രതിഷ്ഠ നടന്ന ദിവസം പ്രതിഷ്ഠ ദ്വാദശിയായി ആഘോഷിക്കുമെന്നും ഭാരതത്തിന്റെ യഥാര്‍ഥ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിനമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് നേരത്തെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇസ്രായേലും ജപ്പാനും ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ ഇപ്പോഴും ദാരിദ്ര്യം ഇല്ലാതാക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്ത്യയെ സ്വയം ഉണര്‍ത്താനാണ് രാമക്ഷേത്രത്തിനായുള്ള മുന്നേറ്റം. ഇന്ത്യയുടെ ഉപജീവനവും രാമക്ഷേത്രത്തിലൂടെ യാഥാര്‍ത്ഥ്യമാകുമെന്നും ഇന്‍ഡോറില്‍ നടന്ന ആര്‍എസ്എസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.