തിരുവനന്തപുരം: ഹേമ കമ്മിറ്റി വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്ന് നടന് മോഹന്‍ലാല്‍. വിഷയത്തില്‍ മോഹന്‍ലാല്‍ ആദ്യമായാണ് പ്രതികരിച്ചത്.
‘മോഹന്‍ലാല്‍ എവിടെയായിരുന്നുവെന്നും ഒളിച്ചോടിപ്പോയോ എന്നുമാണ് ചോദിക്കുന്നത്. ഞാന്‍ ഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. കഴിഞ്ഞ 47 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നയാളാണ് ഞാന്‍. സിനിമ സമൂഹത്തിന്റെ ഒരു ഭാഗം മാത്രമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും. ഞാന്‍ അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വളരെയധികം സ്വാഗതാര്‍ഹമാണ്. ഞാന്‍ രണ്ടുവട്ടം ആ കമ്മിറ്റിയുടെ മുന്പില് പോയിരുന്ന് സംസാരിച്ചയാളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞു. എന്റെ സിനിമയെപ്പറ്റി ഞാന്‍ പറഞ്ഞു. എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്.
ഇപ്പോള്‍ എന്തുകൊണ്ട് ഞങ്ങളെല്ലാവരും മാറിയെന്ന് ചോദിച്ചാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. ഒരു കാര്യം മാത്രമല്ല ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്തെക്കെയാണ് അതെന്ന് എന്നെക്കാളും നിങ്ങള്‍ക്കറിയാം.ഹേമ കമ്മിറ്റി വിഷയത്തില്‍ ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. ഒരുപാട് സംഘടനകള്‍ ഉള്ള ഇന്‍ഡസ്ട്രിയാണ് ഇത്. എല്ലാവരും ഇക്കാര്യത്തില്‍ സംസാരിക്കണം. കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണം എന്നാണ് എന്റെ അഭിപ്രായം. എനിക്ക് പറയാനുള്ളത് ഇതാണ്.
ഞാന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. ഇതിനെക്കുറിച്ച് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. റിപ്പോര്‍ട്ട് വരട്ടെ. കാത്തിരിക്കൂ’,അദ്ദേഹം പറഞ്ഞു.വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണിത്. ഒരുപാട് നല്ല ആക്ടേഴ്സ് ഉണ്ടായിരുന്ന, ഇപ്പോഴുള്ള, ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഇന്‍ഡസ്ട്രിയാണിത്. സിനിമ ഇന്‍ഡസ്ട്രിയെ തകര്‍ക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
