ഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യ സംസ്‌കരണത്തില്‍ എ.എ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ ഔദ്യോഗിക വസതിക്ക് പുറത്ത് ടണ്‍ കണക്കിന് മാലിന്യം തള്ളി എ.എ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന സ്വാതി മലിവാള്‍ എം.പി.
ഡല്‍ഹി വികാസ്പുരിയിലെ മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച സ്വാതി, നഗരത്തിലെ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പേരില്‍ കെജ്രിവാളിനെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അവര്‍ മാലിന്യം അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തള്ളി പ്രതിഷേധിച്ചത്.
ഡല്‍ഹിയുടെ അടിസ്ഥാന വികസനം എ.എ.പി തകര്‍ക്കുകയാണെന്നും സ്വാതി മലിവാള്‍ ആരോപിച്ചു. ഫെബ്രുവരി അഞ്ചിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് രാജ്യ സഭ എം.പിയായ സ്വാതിയുടെ പ്രതിഷേധം.
പദേശവാസികള്‍ക്കൊപ്പമാണ് മാലിവാള്‍ വികാസ്പുരി പ്രദേശത്തെ ഒരു മാലിന്യക്കൂമ്പാരം സന്ദര്‍ശിച്ചത്. ഈ മാലിന്യം അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് കൊണ്ടുപോകുമെന്നും ഡല്‍ഹിക്ക് അദ്ദേഹം നല്‍കിയ ഈ വൃത്തികെട്ട സമ്മാനം എന്തുചെയ്യണമെന്ന് അദ്ദേഹത്തോട് ചോദിക്കുമെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയിലെ മാലിന്യ പ്രശ്‌നം അനുദിനം വഷളാവുകയാണെന്നും അവര്‍ പറഞ്ഞു. പ്രദേശിക ഭരണകര്‍ത്താക്കളോട് മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി തവണ സംസാരിച്ചിട്ടും ഫലമുണ്ടായില്ല. ഡല്‍ഹിയിലെ മുക്കിലും മൂലയിലും മാലിന്യമാണ്. റോഡുകളും ഡ്രെയിനേജുകളും തകര്‍ന്ന് മാലിന്യം ഒഴുകുകയാണ്.നഗരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെജ്രിവാളിന് സമയമില്ല. ഡല്‍ഹിയിലെ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിന് ഒരറിവുമില്ല.- സ്വാതി മലിവാള്‍ ചൂണ്ടിക്കാട്ടി.