ഇന്ത്യയില്‍ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു

ഡല്‍ഹി: ഇന്ത്യയില്‍ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു. എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡല്‍ഹിയില്‍ ചികിത്സയിലാണ്.

അതേസമയം, ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.

രോഗിയുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്‌സ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സൂചനകളൊന്നും നിലവിലെ എംപോക്‌സ് കേസിന് ഇല്ലെന്നും ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള കോണ്‍ടാക്ട് ട്രേസിങ്, നിരീക്ഷണം, പൊതുജന ബോധവത്കരണം മുതലായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.

എംപോക്‌സ് രോഗം 116 രാജ്യങ്ങളില്‍ പടര്‍ന്നുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗം ബാധിച്ച മൃഗങ്ങള്‍, രോഗിയുടെ ശരീരസ്രവങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാല്‍ ചിലര്‍ക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *