മലയാളത്തിന്റെ ഇതിഹാസം എംടിക്ക് ഇന്ന് വിട നല്‍കും. വൈകിട്ട് നാലുവരെ കോഴിക്കോട് കൊട്ടാരം റോഡിലെ വസതി ‘സിതാര’ യില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കാം. വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എം.ടിയുടെ അന്ത്യം സംഭവിച്ചത്. രാത്രി പതിനൊന്നുമണിയോടെ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ സിതാരയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നതുമുതല്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ അന്ത്യോപചാരങ്ങളര്‍പ്പിക്കാനായി ഒഴുകുകയായിരുന്നു.
തന്റെ ഭൗതിക ശരീരംപൊതുദര്‍ശനത്തിന് വെച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളില്‍ വാഹനഗതാഗതം തടസ്സപ്പെടരുത്, എന്ന് കര്‍ശനമായി പറഞ്ഞ എം.ടിയെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്റെ വീട് എക്കാലത്തയുമെന്നപോലെ സന്ദര്‍ശകര്‍ക്കായി തുറന്നുകിടന്നു.
