മുനമ്പം വഖഫ് വിഷയം; ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: മുനമ്പം വഖഫ് വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി സംസ്ഥാന സര്‍ക്കാര്‍. ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, വ്യാപ്തി എന്നിവയാണ് പരിശോധനയുടെ പരിഗണനയിലുണ്ടാകുക. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളും കമ്മീഷന്‍ ശുപാര്‍ശ ചെയ്യണം.

വിജ്ഞാപനത്തില്‍ ഉന്നയിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമോയെന്നും സര്‍ക്കാര്‍ കമ്മീഷനോട് ചോദിച്ചിട്ടുണ്ട്. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്.

‘ഭൂമിയില്‍ ഉടമസ്ഥാവകാശമുള്ള ഒരാളെയും കുടിയൊഴിപ്പിക്കില്ല, നിയമപരമായ അവകാശങ്ങളെല്ലാം സംരക്ഷിക്കും, വഖഫ് ബോര്‍ഡ് കൊടുത്തിട്ടുള്ള നോട്ടീസുകളില്‍ തീരുമാനമാകുന്നത് വരെ നടപടികളൊന്നും ഉണ്ടാവാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം വഖഫ് ബോര്‍ഡ് അംഗീകരിച്ചിട്ടുമുണ്ട്, നിയമപരമായുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനും പരിശോധന നടത്താനും മൂന്ന് മാസത്തിനകം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തണം,’ തുടങ്ങിയ കാര്യങ്ങളാണ് മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *