പാലക്കാട്: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് നെന്മാറ സ്വദേശികളായ സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരെയാണ് കൊലപ്പെടുത്തിയത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു പ്രതി. രണ്ട് മാസം മുമ്പാണ് കേസില്‍ ജാമ്യത്തിലിറങ്ങിയത്. പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സുധാകരന്റെ മൃതദേഹം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തുനിന്ന് മാറ്റാനായിട്ടില്ല.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചെന്താമരയാണ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. ലോറി ഡ്രൈവറായിരുന്നു ചെന്താമര. ഇയാളും ഭാര്യയും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിന് കാരണം അയല്‍വാസികളാണെന്ന ധാരണയിലാണ് 2019ല്‍ ചെന്താമര സജിതയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
നിലവില്‍ പ്രതി ചെന്താമര ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് നെന്മാറ പൊലീസ് സംഘം.