മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാനെ വധിക്കാന്‍ പദ്ധതിയൊരുക്കിയെന്ന കേസില്‍ ഹരിയാന സ്വദേശിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ഹരിയാനയിലെ പാനിപത്തില്‍നിന്ന് പിടിയിലായ പ്രതിയെ വ്യാഴാഴ്ച നവി മുംബൈയില്‍ എത്തിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
പനവേലിലുള്ള ഫാം ഹൗസിലേക്ക് പോകുന്നവഴി സല്മാന് ഖാനെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. ഏപ്രിലില്‍ നടന്റെ ബാന്ദ്രയിലെ വസതിക്കു നേരെ വെടിയുതിര്‍ത്തതിനു ശേഷമാണ് ഗൂഢാലോചന നടന്നതെന്നും പൊലീസ് പറഞ്ഞു. വസതിക്ക് നേരെ വെടിവെച്ച കേസില്‍ ലോറന്‍സ് ബിഷ്ണോയി അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച സല്മാന് ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന എന്‍.സി.പി നേതാവ് ബാബാ സിദ്ദീഖിയുടെ വധത്തോടെയാണ് ബിഷ്ണോയ് സംഘം വീണ്ടും സജീവ ചര്‍ച്ചയിലേക്ക് വന്നത്.

