കോണ്‍ഗ്രസിലേക്ക് സന്ദീപല്ല ആര് വന്നാലും ഈ തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കും” ; എം.വി. ഗോവിന്ദന്‍

പാലക്കാട്: സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിലൂടെ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സന്ദീപ് വാര്യര്‍ ഇടതുപക്ഷത്തിനൊപ്പം ചേരാത്തതില്‍ തങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സന്ദീപ് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ഭരണവര്‍ഗ പാര്‍ട്ടിയിലേക്ക് മാറിയെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ച് ഒരാള്‍ ഇങ്ങോട്ട് വരുന്നതോ പോകുന്നതോ അല്ല പ്രശ്നം. നയമാണ് കാര്യം. എല്ലാ സന്ദര്‍ഭത്തിലും ചൂണ്ടിക്കാണിച്ചതും ഇതേ കാര്യമാണ്. ഒരാള്‍ ഇന്നലെ വരെ നില്‍ക്കുന്ന നിലപാടില്‍നിന്ന് മാറി ഇടതുപക്ഷത്തോടൊപ്പം ചേരുന്നു എങ്കില്‍, അങ്ങിനെ ഉള്ളവരെ ഭൂതകാലം മാത്രം നോക്കി ഞങ്ങള്‍ തള്ളിപ്പറയില്ല. ഇതേ നിലപാടാണ് പണ്ടും സ്വീകരിച്ചത്. അവരുടെ നിലപാട് എന്താണെന്ന് വ്യക്തമായാല്‍ അതനുസരിച്ച് പാര്‍ട്ടി തീരുമാനിക്കും. സരിന്റെ കാര്യത്തില്‍ ഞങ്ങള്‍ എടുത്ത നിലപാട് അതാണ്.

സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ടത് നന്നായി, കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ട് വലിയ വ്യത്യാസമൊന്നുമില്ല. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്ക് ചേക്കേറി. അത്രയേ ഇതില്‍ കാണാനുള്ളൂ. അതില്‍ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അവര്‍ക്ക് പലതും കാണും. അതുകൊണ്ടാണല്ലോ സ്‌നേഹത്തിന്റെ കട എന്നൊക്കെ പറയുന്നത്. നിലപാട് വ്യക്തമാക്കാത്തതിനാല്‍ അദ്ദേഹം സി.പി.എമ്മിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിലേക്ക് സന്ദീപല്ല ആര് വന്നാലും ഈ തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കും” -എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *