കൊച്ചി: സ്ത്രീപുരുഷ സമത്വത്തില്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പരോക്ഷ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്ത്രീക്ക് തുല്യത വേണമെന്ന് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാകുകയാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.പൊതുഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്നും അത് അംഗീകരിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടതെന്ന് പറയുന്നില്ലെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഉദ്ദേശിച്ചല്ല, ഒരു സമൂഹത്തെ ഉദ്ദേശിച്ചാണ് ഇത് പറയുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കാന്തപുരത്തിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം.
കുഴിമണ്ണയില്‍ നടന്ന ഒരു പരിപാടിയിലാണ് സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കിയത്. വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. സുന്നികള്‍ വ്യായാമത്തിന് എതിരല്ല. പക്ഷേ, വിശ്വാസികള്‍ എല്ലാ കാര്യങ്ങളിലും മതനിഷ്ഠയുള്ളവരാകണമെന്നും കാന്തപുരം ചൂണ്ടിക്കാട്ടിയിരുന്നു.
കാന്തപുരം നടത്തിയ പരാമര്‍ശത്തെ എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.