പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടു കൂടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഹുല്‍ പറഞ്ഞതും കളവാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.
താമസിക്കാത്ത സ്ഥലത്ത് എന്തിനാണ് വസ്ത്രവും കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍പറയുന്നതൊക്കെ സത്യസന്ധമല്ല എന്ന് വ്യക്തമായിട്ടുണ്ട്. ഈ ബാഗ് കൊണ്ടുവന്നതുതന്നെ ഒരു കേസിലെ പ്രതിയാണ്. ഇതിലപ്പുറം എന്താണുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു.ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണെമെന്നും അദ്ദേഹം പറഞ്ഞു.
വിവാദം ശുക്രദശയാണെന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്റെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത് സംഭവം ലാഭമുണ്ടാക്കിത്തന്നു എന്നാണെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ബിജെപിയും കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുക്കിയതിന്റെ ചരിത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.കള്ളപ്പണം ഒഴുക്കുന്നതിനെ പ്രതിരോധിക്കാന്‍ സമഗ്ര അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
