ഇന്ത്യയിലെ മികച്ച പൊലിസ് സംവിധാനമാണ് കേരളത്തിലേത് ; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇന്ത്യയിലെ മികച്ച പൊലിസ് സംവിധാനമാണ് കേരളത്തിലേതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും കുറ്റാന്വേഷണത്തില്‍ കേരളാ പൊലീസ് മുന്നില്‍ നില്‍ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആഭ്യന്തരത്തില്‍ മികച്ച ഇടപെടല്‍ പിണറായി സര്‍ക്കാര്‍ നടത്തി. ദുരന്തത്തില്‍ പൊലീസ് സേന വഹിച്ച പങ്ക് വലുതാണ്. സ്വര്‍ണക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറി. അങ്ങനെ വരുമ്പോള്‍ പൊലീസിന് ഇടപെടാതിരിക്കാന്‍ കഴിയില്ല. നിരവധി സ്വര്‍ണം പിടിച്ചു. ആ ദൗത്യമാണ് പൊലീസ് നിര്‍വഹിച്ചു വന്നത്. കുറ്റക്കാര്‍ എന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി ഉണ്ടാകും.

എം ആര്‍ അജിത് കുമാറിന് എതിരെ ആരോപണം വന്നു. ഒരു മാസം അന്വേഷണത്തിന് സമയം നല്‍കി. അക്കാര്യത്തില്‍ ഫലപ്രദമായി നടപടി സ്വീകരിക്കും. സര്‍ക്കാരിന് ആരുടെയും മുഖം നോക്കേണ്ട കാര്യമില്ല. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനഘട്ടത്തിലാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടിയെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഫാസിസത്തിനെതിരെ എല്ലാ കാലത്തും കമ്യൂണിസ്റ്റുകള്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഹിന്ദുത്വ ശക്തികള്‍ ഇടതുപക്ഷത്തിനെതിരെയും കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് തന്നെ പറഞ്ഞിട്ടുണ്ട്. ഇന്‍ഡ്യാ മുന്നണിക്ക് മതേതര മുഖം നല്‍കിയത് ഇടതുപക്ഷമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *