നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും. ടിക്കറ്റ് ചാര്‍ജ് കുറയ്ക്കാനും സമയക്രമത്തില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്.
11 സീറ്റുകള്‍ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റര്‍, പിന് ഡോര്‍ എന്നിവ ഒഴിവാക്കി. പകരം മുന്‍ഭാഗത്ത് മാത്രമാണ് ഡോര്‍. ബസില്‍ ശൗചാലയം നിലനിര്‍ത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കും കുറച്ചു. ബംഗുളൂരു – കോഴിക്കോട് യാത്രയ്ക്ക് ഈടാക്കുക 930 രൂപയായിരിക്കും. നേരത്തെ ഇത് 1280 രൂപ ആയിരുന്നു.
2024 ജൂണിലാണ് വിവാദ താരമായ നവ കേരള ബസ് പൊതുജനങ്ങള്‍ക്കായി നിരത്തിലിറക്കിയത്. എന്നാല്‍ ഇടക്കിടെ സര്‍വീസ് മുടങ്ങിയതും, സമയക്രമവും, ചാര്‍ജ്ജും എല്ലാം പ്രശ്നമായി. അഞ്ചുമാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണി നടത്തി ബസ് വീണ്ടും സര്‍വീസിന് ഒരുങ്ങുന്നത്. സമയമാറ്റം എങ്ങനെയെന്ന് കെഎസ്ആര്‍ടിസി പിന്നീട് അറിയിക്കും.

