നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലി

പത്തനംതിട്ട: അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രിമാരായ വീണാ ജോര്‍ജും, കെ. രാജനും. രാവിലെ 10 മണിയോടുകൂടിയായിരുന്നു പൊതുദര്‍ശനം ആരംഭിച്ചത്. വന്‍ ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ കലക്ട്രറ്റ് കോംബൗണ്ടില്‍ എത്തിച്ചേര്‍ന്നത്. വികാരഭരിതമായാണ് സഹപ്രവര്‍ത്തകര്‍ അന്തിമോപചാരമര്‍പ്പിച്ചത്.

നവീന്‍ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ സാക്ഷ്യപ്പെടുത്തല്‍. പത്തനംതിട്ടയില്‍ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീന്‍. അവിടേക്കാണ് ചേതനയറ്റ ശരീരമായി അദ്ദേഹം മടങ്ങിയെത്തിയത്. പത്തനംതിട്ടയിലെ പാര്‍ട്ടി കുടുംബമാണ് നവീന്റേത്.

വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയ്ക്ക് ശേഷമായിരിക്കും സംസ്‌കരിക്കുക. മന്ത്രിമാരെ കൂടാതെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍ മന്ത്രി മാത്യു ടി. തോമസ്, എംഎല്‍ പ്രമോദ് നാരായണ്‍, ദിവ്യ എസ്. അയ്യര്‍ ഐഎഎസ് തുടങ്ങി നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *