കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ഹര്‍ജി തള്ളിയതില്‍ പ്രതികരവുമായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ടുപോകുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്.ഐ.ടി.യുടെ അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഞങ്ങളുടെ ഭാഗം കോടതി വേണ്ടരീതിയില്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ വിധി. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതും മഞ്ജുഷ വ്യക്തമാക്കി.
ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ എസ്.ഐ.ടി. കേസ് അന്വേഷിക്കും. ഉന്നത ഉദ്യേഗസ്ഥര്‍ കേസ് നിരീക്ഷിക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ഇതിന്റെ ചുമതല വഹിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. എന്നാല്‍ ഈ ഉത്തരവും തൃപ്തികരമല്ലെന്ന് മഞ്ജുഷ പറഞ്ഞു. അപ്പീലുമായി മുന്നോട്ടുപോകുമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും മാധ്യമങ്ങളോട് പറഞ്ഞു.
