പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴികള്‍ തള്ളി മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കലക്ടര്‍ അരുണ്‍ കെ. വിജയന് എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നല്കിയ മൊഴിയില്‍ പറയുന്നത് നുണയാണെന്ന് മഞ്ജുഷ പറഞ്ഞു.
എ.ഡി.എം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്. സഹപ്രവര്‍ത്തകരോട് ഒരിക്കലും സൗഹാര്‍ദ്ദപരമായി പെരുമാറാത്ത കലക്ടറോട് നവീന്‍ബാബു ഒന്നും തുറന്നു പറയില്ലെന്ന് ഉറപ്പാണ്. മറ്റ് കളക്ടരോട് ഉണ്ടായ ആത്മബന്ധം പോലെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയനോട് നവീന്‍ ബാബുവിന് ഒരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്നും മഞ്ജുഷ വ്യക്തമാക്കി.
യാത്രയയപ്പ് ദിവസം കളക്ടറോട് നവീന്‍ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്.

