ഡല്‍ഹി : രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. മദ്രസകള്‍ക്കുളള സഹായങ്ങള്‍ നിര്‍ത്തലാക്കണം, മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തില്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു.
