പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ കാര്യം നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ ബന്ധുക്കളും നെന്മാറ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല.
എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാന്‍ അനുവദിച്ചത്. ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാഞ്ഞത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചുള്ള വിശദീകരണമാണ് ഇപ്പോള്‍ മനോജ് എബ്രഹാം ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണിതെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം കൊലയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെന്താമരയെ പിടികൂടാന്‍ ആന്റി നക്സല്‍ ഫോഴ്സും രംഗത്ത്. സംഘം ഉടന്‍ പ്രതി ഒളിവില്‍ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയില്‍ തിരച്ചില്‍ നടത്തും. പാലക്കാട് എസ്പിയുടെ പ്രത്യേക സ്ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്.