ഡല്‍ഹി: യെമെന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമെന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. കുടുംബം നടത്തിവരുന്ന ശ്രമങ്ങള്‍ അറിയാമെന്നും കുടുംബത്തിന് പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘യെമനില്‍ നിമിഷപ്രിയയെ ശിക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. അവരുടെ കുടുംബം സാധ്യമാകുന്ന എല്ലാ വഴികളും തേടുന്നതായും മനസ്സിലാക്കുന്നു. ഈ വിഷയത്തില്‍ സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും’, വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ഒരുമാസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ. ബിസിനസ് പങ്കാളിയായിരുന്ന യെമെന്‍ പൗരന്‍ 2017-കൊല്ലപ്പെട്ട സംഭവത്തിലാണ് നിമിഷപ്രിയ അറസ്റ്റിലാകുന്നത്.
