വീണ്ടും നിപ: മലപ്പുറം വണ്ടൂര്‍ സ്വദേശിയുടെ മരണകാരണം നിപയെന്ന് ആരോഗ്യമന്ത്രി

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിലെ നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുനെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു. വിദ്യാര്‍ഥിയാണ് മരിച്ചത്.ബെംഗളൂരുവില്‍ രണ്ടുമാസംമുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സതേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കഴിഞ്ഞയാഴ്ച കാലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സതേടുകയായിരുന്നു.

‘മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചു’ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നാലു സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *