നിപ; 13 പേരുടെ ഫലം നെഗറ്റീവ്

മലപ്പുറം: വണ്ടൂരിലെ നിപയില്‍ ആശ്വാസം. 13 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. രോഗം ബാധിച്ച് മരിച്ച യുവാവുമായി നേരിട്ട് ബന്ധമുള്ള 13 പേരുടെ ഫലമാണ് പുറത്തുവന്നത്. ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

175 പേരാണ് നിപ ബാധിച്ച് മരിച്ച 24കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 26 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ പരിശ്രമവുമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയിട്ടുണ്ട്. അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *