ബെംഗളൂരു : മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കര്‍ണാടകയിലെ മൂന്നു സഹപാഠികളും നിരീക്ഷണത്തില്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് സമ്പര്‍ക്ക രഹിത നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ ഒമ്പതിനാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വച്ച് 24 കാരന്‍ മരിച്ചത്. പനി ബാധിച്ച യുവാവില്‍ നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് സെപ്റ്റംബര്‍ അഞ്ചിനാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്.