തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ പറഞ്ഞതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘എഡിജിപി അവിടെ ഉണ്ടായിരുന്നതായും സംഭവ സ്ഥലത്ത് എത്താതിരുന്ന കാര്യവും ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു.എഡിജിപിക്ക് ഇത് സംബന്ധിച്ച് വീഴ്ചയുണ്ടെങ്കില്‍ അതിലൊരു പരിശോധനയുടെ നടത്താനാണ് ഡിജിപിയെ ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച അന്വേഷത്തിലും വരുന്ന മുറയ്ക്ക് നടപടിയുണ്ടാകും. ഇപ്പോള്‍ ഒരു പരിശോധനയും കൂടാതെയാണ് ഡിജിപി റിപ്പോര്‍ട്ട് തന്നിട്ടുള്ളത്’ മുഖ്യമന്ത്രി പറഞ്ഞു.
ആരേയും സംരക്ഷിക്കുന്നതിന്റെ പ്രശ്നമല്ല ഇതെന്നും തന്റെ നിലപാട് വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ഉദ്യോഗസ്ഥനെ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് നടപടിക്ക് വിധേയനാക്കുമ്പോള്‍ കൃത്യമായ റിപ്പോര്‍ട്ട് വേണം. അതിനാണ് കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂരം കലക്കലില്‍ ത്രിതല അന്വേഷണമാണ് നടക്കുക. എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വീഴ്ചകള്‍ ഡിജിപി നേരിട്ട് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ചും പൊലീസിന്റെ വീഴ്ച ഇന്റലിജന്‍സ് മേധാവിയും അന്വേഷിക്കും.
