എറണാകുളം: സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്തും വിളിച്ച് പറയുന്ന ആളാണ് അദ്ദേഹമെന്നും അതിനാല്‍ ആ പരിസരത്തേക്ക് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒറ്റതന്ത പ്രയോഗം പിന്‍വലിച്ചാല്‍ സുരേഷ് ഗോപിയെ പരിപാടിയിലേക്ക് ക്ഷണിക്കാമെന്നും വി.ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം.
തന്തയ്ക്ക് വിളിക്കും എന്ന ഭയം ഉള്ളതുകൊണ്ട് തന്നെയാണ് വിളിക്കാത്തത്. ഐക്യകേരളം രൂപീകരിച്ചത് മുതല്‍ നിരവധി രാഷ്ട്രീയ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായി. പക്ഷെ ഇങ്ങനെ ഒറ്റ തന്തയ്ക്ക് വിളിക്കുന്നത് ആദ്യമായിട്ടാണ്. അത് ചരിത്രത്തില്‍ രേഖപ്പെടുത്തും,’ മന്ത്രി പറഞ്ഞു.

