നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല ; മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എ പദവി ഒഴിഞ്ഞത്

തിരുവനന്തപുരം: തന്റെ രാജിയെത്തുടര്‍ന്ന് ഒഴിവുവരുന്ന നിലമ്പൂരില്‍ വീണ്ടും മത്സരിക്കില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എ പദവി ഒഴിഞ്ഞതെന്നും അന്‍വര്‍ വ്യക്തമാക്കി.സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ രാജിക്കാര്യം വിശദീകരിച്ചത്.

യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. മലയോര മേഖലയില്‍ വന്യജീവി പ്രശ്നങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ യു.ഡി.എഫിനോട് അഭ്യര്‍ഥിച്ചു.

‘ഞാന്‍ നിലമ്പൂരില്‍ മത്സരിക്കുന്നില്ല. യു.ഡി.എഫ്. നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മുഴുവന്‍ ശക്തിയും ഉപയോഗിച്ച് നിരുപാധികമായി പിന്തുണ നല്‍കുമെന്ന് അന്‍വര്‍ പറഞ്ഞു.

പിണറായിസത്തിനെതിരായ അവസാനത്തെ ആണിയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മാറണം. സ്പീക്കര്‍ രാജി സ്വീകരിച്ചാല്‍ ബംഗാളില്‍ പോയി മമതയെ കണ്ട് അംഗത്വം സ്വീകരിച്ച ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവും. പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലായിരിക്കും’, അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *