പി ടി ഉഷയ്ക്കെതിരെ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര്‍ പി ടി ഉഷക്ക് എതിരാണ്.

‘സംഘടനാ ഭരണഘടനയുടെ ലംഘനവും ഇന്ത്യന്‍ കായികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന നടപടികളും ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യുകയും പരിഗണിക്കുകയും ചെയ്യും’ എന്നാണ് അജണ്ടയായി രേഖപ്പെടുത്തിയിട്ടുള്ളത്.

ഐഒഎയുടെ എക്‌സിക്യൂട്ട് അംഗങ്ങളും ഉഷയുമായി കഴിഞ്ഞ കുറച്ചു നാളുകളായി തര്‍ക്കത്തില്‍ തുടരുകയാണ്. യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉഷയ്‌ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും തീരുമാനിച്ചത്.

ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയ നീക്കത്തിന്റെ വിശദാംശങ്ങള്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തുവിട്ട മീറ്റിങ്ങിലെ അജണ്ടയിലാണുള്ളത്. ഐ ഒ എയുടെ ഭരണഘടന ഉഷ ലംഘിച്ചതായാണ് പ്രധാന ആരോപണം. ഇതിന് പുറമേ കായിക മേഖലയ്ക്ക് ഹാനികരമാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരോപിക്കുന്നു. പാരീസ് ഒളിമ്പിക്‌സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സി എ ജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സി എ ജിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ ഉഷ നിരസിക്കുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *