സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണ് ; കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് എതിരെ പ്രതിപക്ഷം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണ്. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് വെളിപ്പെടുത്തണമെന്നും സതീശന്‍ പറഞ്ഞു.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ മദ്യനയത്തിന്റെ ഭാഗമായെടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു നടപടിയെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് വന്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്

ബ്രൂവറി തുടങ്ങാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും, പ്രതിപക്ഷ ആരോപണം സ്വാഭാവികമെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് മറുപടി നല്‍കി.പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെന്‍ഡര്‍ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തതിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *