കല്പറ്റ:ലീഗ് മുസ്ലിം ഏകീകരണത്തിന് ശ്രമിക്കുകയാണെന്ന് പി. ജയരാജന്. രാഷ്ട്രീയത്തില്‍ പല കൂട്ടുകെട്ടുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ആര്‍എസ്എസ് ഹിന്ദു ഏകീകരണത്തിന് ശ്രമിക്കുമ്പോള്‍ ലീഗും ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ഏകീകരണത്തിനാണ് ശ്രമിക്കുന്നത്. അത് കേരളത്തിന് യോജിച്ചതാണോ എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്.വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജമാഅത്തെ ഇസ്ലാമിയുടേത് ദൈവിക ഭരണം സ്ഥാപിക്കലാണ്. ആര്‍എസ്എസ് മുന്നോട്ട് വെക്കുന്നത് ഹിന്ദുത്വരാഷ്ട്രമാണ്. ഒരു ഭാഗത്ത് മതരാഷ്ട്രവാദികളാണ്. ഇപ്പുറത്ത് മതനിരപേക്ഷവാദികളാണ്. മതരാഷ്ട്രവാദികളോട് വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുസ്ലിം ലീഗിനെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. ജോസഫ് മാഷിന്റെ കൈവെട്ടു കേസിനെ തുടര്‍ന്ന് കോട്ടക്കലില്‍ ലീഗ് ഉള്‍പ്പെടെയുള്ള മുസ്ലിം മത സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി. ഇതിനെത്തുടര്‍ന്ന് മാധ്യമം പത്രത്തില്‍ ലീഗിനെ ആക്ഷേപിച്ചു കൊണ്ട് ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. അത് പരിഹാസമാണ്. അവര്‍ പറഞ്ഞത് നിങ്ങള്‍ കോട്ടക്കല്‍ കഷായമാണ് ഉണ്ടാക്കിയതെന്നാണ്. ജമാഅത്തെ ഇസ്ലാമിയെ മതസംഘടനകളുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കിയ ലീഗിന്റെ രാഷ്ട്രീയം കോട്ടക്കല്‍ കഷായമാണെന്ന് മാധ്യമം പരിഹസിച്ചു. എന്നാല്‍, പിന്നീട് കണ്ടത് മുസ്ലിം ലീഗിനെക്കൊണ്ട് ആ കയ്പുള്ള കഷായം ജമാഅത്തെ ഇസ്ലാമിക്കാര്‍ കുടിപ്പിക്കുന്നതാണ്. ചെറിയ കുട്ടികളെ തവിയുടെ കട വായില്‍ തിരുകിയിട്ടാണ് കുടിപ്പിക്കുക. അതേപോലെ മുസ്ലിം ലീഗിനെ കോട്ടയം കഷായം ജമാഅത്തെ ഇസ്ലാമിക്കാര്‍ കുടിപ്പിച്ചു- ജയരാജന് പറഞ്ഞു.
കേരളത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതായെന്ന് ജയരാജന് പറഞ്ഞു. മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്തായി കേരളം മാറിയെന്നും ജയരാജന് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകുക ആരെങ്കിലും എഴുതിയ പുസ്തകമല്ലെന്നും ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ഏത് പാര്‍ട്ടിയാണ് എന്നതാണെന്നും’ അദ്ദേഹം പറഞ്ഞു.

