പാലക്കാട്: തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി. ജയരാജന്. തെരഞ്ഞെടുപ്പ് ദിവസം പുസ്തകത്തിന്റെ പകര്‍പ്പ് പുറത്തുവന്നത് ആസൂത്രിതമാണ്.
പ്രകാശ് ജാവ്ദേകറുമായുള്ള കൂടിക്കാഴ്ച പുറത്തുവിട്ടതുപോലെ ആസൂത്രിതമാണ് ഇതെന്നും ഇ.പി പറഞ്ഞു. ഡി.സി.ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കും. ജയരാജന് പറഞ്ഞു.
പി. സരിന്റെ പ്രചാരണത്തിനായി പാലക്കാട്ട് എത്തിയതായിരുന്നു ഇ.പി. ജയരാജന്. സരിനെ പുകഴ്ത്തി ഇ പി ജയരാജന്. സരിന് ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.
ആദ്യം വലതുപക്ഷത്തായിരുന്നുവെങ്കിലും ഇടതുപക്ഷക്കാരന്റെ മനസായിരുന്നു സരിന്. ആ നല്ല ചെറുപ്പക്കാരനെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയത്. സരിന് ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും ഇ.പി. ജയരാജന് പറഞ്ഞു.
ഇ.പി. ജയരാജന്റെ ആത്മകഥയെന്ന പേരില്‍ പ്രചരിച്ച പുസ്തകത്തിന്റെ പകര്‍പ്പില്‍ സരിനെതിരായ പരാമര്‍ശമുണ്ടായിരുന്നു. സ്വതന്ത്രര്‍ വയ്യാവേലികളാകുമെന്നും സരിന് മോശം സ്ഥാനാര്ഥിയാണെന്നുമായിരുന്നു പുസ്തകത്തിലെ പരാമര്‍ശം. എന്നാല്‍ ഈ വാര്‍ത്ത കഴിഞ്ഞ ദിവസം തന്നെ ഇ പി നിരസിച്ചിരുന്നു.
