ഡല്‍ഹി: ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് എഫ്.എസ്.എസ്.എ.ഐ(ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ).
ഉത്പന്നത്തിന്റെ മോശം പാക്കേജിങ്, ഉയര്‍ന്ന മലിനീകരണതോത്, മോശം സ്റ്റോറേജിങ്, കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഉത്പ്പന്നങ്ങളെയാണ് ഹൈ റിസ്‌ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.
കുപ്പിവെള്ളത്തിന് പുറമെ പച്ച മാംസം, മത്സ്യം. പാല്‍ ഉത്പ്പന്നങ്ങള്‍, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്സ്, സലാഡുകള്‍, പാകം ചെയ്തുവെച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിങ്ങനെ നിരവധി ഭക്ഷണപദാര്‍ത്ഥങ്ങളെയും ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ജ്യൂസുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
നവംബര്‍ 29ന് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ ചില ഉത്പ്പന്നങ്ങളുടെ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) സര്‍ട്ടിഫിക്കേഷന്‍ ഒഴിവാക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചിരുന്നു. ഇതേ ഉത്തരവിലാണ് കുപ്പിവെള്ളത്തെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മിനറല്‍ വാട്ടറുകളടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്ന് എഫ്.എസ്.എസ്.എ.ഐ പറയുന്നു. കര്‍ശനമായ നിയന്ത്രണങ്ങളും വാര്‍ഷിക പരിശോധനകളും നിര്‍ബന്ധമാക്കാനും അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്.

