തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസില്‍ ദുരൂഹസാഹചര്യത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. . മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയാണ്. മരിച്ച രണ്ടാമത്തെയാള്‍ വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനുവാണെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബിനു ഓഫീസിലേക്ക് കയറിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകം നടത്തിയത് ബിനുകുമാര്‍ ആണെന്ന് ബലപ്പെട്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ ഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം.
സംഭവം നടന്ന ദിവസം, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ബിനുകുമാര്‍ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് പോയതായി സ്ഥിരീകരിച്ചിരിക്കുന്നത്. വൈഷ്ണയുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വൈഷ്ണയെ അപായപ്പെടുത്തിയശേഷം ബിനു സ്ഥാപനത്തിന് തീയിട്ടതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലെത്തി ബിനു പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി വൈഷ്ണ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. വൈഷ്ണയാണ് പൊള്ളലേറ്റു മരിച്ച ഒരാള്‍ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ പോലീസ് ബിനുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ പറ്റി ഒരുവിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചത്.
രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്.