മഅ്ദനിക്കെതിരായ വിവാദ പരാമര്‍ശം; സംഘ്പരിവാര്‍ ഭാഷ്യമാണ് പി. ജയരാജന്‍ പുസ്തകത്തിലൂടെ നടത്തുന്നത്:പുസ്തകം കത്തിച്ച് പിഡിപി

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജന്‍ എഴുതിയ ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പ്രതിഷേധിച്ച് പിഡിപി. പുസ്തകത്തില്‍ മഅ്ദനിക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് പിഡിപി പുസ്തകം കത്തിച്ചത്. പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പുറത്താണ് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

പുസ്തകത്തിനെതിരെ പ്രതിഷേധവുമായി പിഡിപി നേതാക്കള്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. സംഘ്പരിവാര്‍ ഭാഷ്യമാണ് പി. ജയരാജന്‍ പുസ്തകത്തിലൂടെ നടത്തുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന്റെ ബ്രാന്‍ഡ് അംബാസിഡറെന്ന് മഅ്ദനിയെ വിശേഷിപ്പിക്കുന്നത് സംഘ്പരിവാറാണ്. ആ വാദം അതേപടി ഒരു കമ്യൂണിസ്റ്റ് നേതാവ് തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വളര്‍ന്നുവരുന്ന തലമുറ അതേറ്റെടുക്കും.

മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് പിഡിപി ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രതികരിച്ചു. മഅ്ദനിക്ക് പി ജയരാജന്റെ നല്ല സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മഅ്ദനി മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ചരിത്രപഠനം എന്ന നിലയ്ക്കാണ് ജയരാജന്‍ ഈ പുസ്തകമെഴുതിയത്. അദ്ദേഹത്തിന് ചരിത്രമെഴുതാന്‍ എന്ത് യോഗ്യതയാണുള്ളത്. സംഘ്പരിവാറിന്റെ പരാമര്‍ശത്തെ സാധൂകരിക്കുന്ന നിലയില്‍ പി.ജയരാജനൊരു പ്രസ്താവന നടത്തുമ്പോള്‍ അദ്ദേഹമെഴുതിയ ആ ചരിത്ര പുസ്തകത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ മതി. എത്ര വലിയ പച്ചക്കള്ളമാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും നേതാക്കള്‍ ചോദിച്ചു.

സംസ്ഥാനത്തുടനീളം തീവ്രവാദ ചിന്തകള്‍ വളര്‍ത്തുന്നതില്‍ മഅ്ദനി വഹിച്ച പങ്ക് വലുതാണെന്നതുള്‍പ്പെടെയുള്ള പുസ്തകത്തിലെ ആരോപണങ്ങളാണ് വിവാദമായത്. പ്രഭാഷണ പരമ്പരകളിലൂടെ മഅ്ദനി തീവ്രവാദ ചിന്തകള്‍ വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *