ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: ആരോഗ്യവകുപ്പിലെ 373 ജീവനക്കാര്‍ക്കെതിരെ നടപടി ;18% പലിശയടക്കം പണം തിരിച്ചുപിടിക്കും

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ 373 ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും. ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്‌സിങ് അസിസ്റ്റന്റുമാരും നടപടി നേരിടുന്നവരുടെ പട്ടികയിലുണ്ട്.

ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃത ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ആരോഗ്യവകുപ്പിലാണ്.

കഴിഞ്ഞ ദിവസം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പട്ടിക റിപ്പോര്‍ട്ടര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റി?ഗേഷന്‍ ടീം പുറത്തുവിട്ടിരുന്നു.

നേരത്തെ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 18 ശതമാനം പലിശ നിരക്കില്‍ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്നായിരുന്നു നോട്ടീസില്‍.

1400ല്‍ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയത് എന്ന വിവരം ധനവകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *