കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ മുന്‍ ഉദുമ എംഎല്‍എയും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമന്‍ അടക്കം 14 പേര്‍ക്കാണ് കൊച്ചി സിബിഐ കോടതി ശിക്ഷ വിധിക്കുക. രാഷ്ട്രീയവൈരാഗ്യം മൂലമാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി, കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന് പുറമെ ഡി.വൈ.എഫ്.ഐ നേതാവ് കെ. മണികണ്ഠന്‍, പാക്കം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരും പ്രതികളാണ്. ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി.
ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവരുന്നത്. ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു.
