കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കള്‍ ഇന്ന് പുറത്തിറങ്ങും. പ്രതികളെ സ്വീകരിക്കാനായി കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ ജയിലില്‍ എത്തി. കാസര്‍കോട് നിന്നുള്ള കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ജയിലിലെത്തുന്നുണ്ട്. ഉത്തരവ് ലഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ അല്‍പ്പസമയത്തിനകം പ്രതികള്‍ പുറത്തിറങ്ങും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെവി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
അപ്പീലില്‍ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷക്ക് സ്റ്റേ. 5 വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ.

