കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധിയില്‍ പ്രതികരണവുമായി കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാല് പേര്‍ക്കുള്ള അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞ ശിക്ഷയാണ്. അവര്‍ക്കും ജീവപര്യന്തം കിട്ടണമെന്നാണ് ആഗ്രഹം. അപ്പീല്‍ കൊടുക്കണോയെന്നതില്‍ പാര്‍ട്ടിയുമായും അഭിഭാഷകനുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കൃഷ്ണന്‍ പറഞ്ഞു.
പെരിയ കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ഇതു കൂടാതെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.
