മുംബൈ: ജമ്മുകശ്മീരില്‍ ഒരു ശക്തിക്കും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ അധികാരത്തില്‍ തുടരുന്നിടത്തോളം കശ്മീരില്‍ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനും കൂട്ടുകക്ഷികള്‍ക്കും ആവില്ലെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ജമ്മു-കശ്മീര്‍ നിയമസഭയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും തന്റെ നയം വ്യക്തമാക്കിയത്.
നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ജമ്മു-കശ്മീരില്‍ പല ഗൂഡാലോചനകളും നടത്തുന്നുണ്ടെന്നും താന്‍ ഉള്ളിടത്തോളം അവിടെ ഒന്നും സംഭവിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി എം.എല്‍.എമാര്‍ മാത്രമാണ് ആര്‍ട്ടിക്കിള്‍ 370 വീണ്ടും കൊണ്ടു വരുന്നതിനെതിരെ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് സഖ്യത്തിന്റെ സത്യം രാജ്യത്തിന് മുഴുവന്‍ അറിയാമെന്ന് മോദി പറഞ്ഞു.രാജ്യം ഒരിക്കലും ഈ പ്രമേയത്തെ അനുകൂലിക്കില്ല. മോദിയുടത്തോളം കാലം കോണ്‍ഗ്രസിന് കശ്മീരിനെ ഒന്നും ചെയ്യാനാവില്ല. അംബേദ്കറിന്റെ ഭരണഘടനയെ കശ്മീരില്‍ നടപ്പിലാകുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

