വടകര: വനിത എ എസ് ഐയെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പ് പറയിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
ബസ് സ്റ്റാന്‍ഡില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതിയുള്ളതിനാല്‍ പോലീസ് സാന്നിധ്യം കര്‍ശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാന്‍ഡില്‍ ചുറ്റിക്കറങ്ങുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് സ്റ്റാന്‍ഡിന്റെ ഒന്നാംനിലയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവാക്കളോട് അവിടെനിന്നു പോകാന്‍ വനിതാ എ.എസ്.ഐ. ജമീലയും സംഘവും ആവശ്യപ്പെട്ടു. നിന്നാല്‍ എന്തുചെയ്യുമെന്നു പറഞ്ഞ് ഈ യുവാക്കള്‍ എ.എസ്.ഐ.യോട് കയര്‍ത്തു.
എഎസ്ഐ നിലപാട് കടുപ്പിച്ചതോടെ അവിടെ നിന്ന് പോയ യുവാക്കള്‍ വീണ്ടും സ്റ്റാന്‍ഡില്‍ കറങ്ങി നടക്കുന്നത് പൊലീസ് ഉദ്യോഗസ്ഥയുടെ ശ്രദ്ധയില്‍പെട്ടു. അത് ചോദ്യം ചെയ്തതോടെ യുവാക്കള്‍ മറ്റൊരാളെയും കൂട്ടി വന്ന് എ എസ് ഐ തങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് ദേഷ്യപ്പെട്ടു. തങ്ങള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്ന തരത്തില്‍ സംസാരിച്ചുവെന്നും ആരോപിച്ചു. എ എസ് ഐ മാപ്പ് പറയണമെന്നും യുവാക്കള്‍ വാശിപിടിച്ചു.
ഇതെല്ലാം കേട്ട് നാട്ടുകാര്‍ കൂടിയതോടെ പ്രശ്‌നം പരിഹരിക്കാനായി എഎസ്ഐ മാപ്പ് പറഞ്ഞു. ഇനിയാരോടെങ്കിലും മാപ്പ് പറയേണ്ടതുണ്ടോയെന്ന് എ എസ്ഐ ചോദിക്കുന്നതും യുവാക്കളുടെ ഭാവിയെ കരുതിയാണ് പരാതി നല്‍കാതിരിക്കുന്നതെന്നും എഎസ്ഐ പറയുന്നത് വീഡിയോയിലുണ്ട്.

