തൃശൂര്‍: പൂരം കലക്കലില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സിലല്ല താന്‍ പൂരനഗരിയില്‍ പോയത്, ബി.ജെ.പി ജില്ല അധ്യക്ഷന്റെ വാഹനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.ചേലക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അവിടെ ചെന്നത് നൂറു കണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. പാര്‍ട്ടി ജില്ല അധ്യക്ഷന്റെ വാഹനത്തിലാണ് അവിടെ പോയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കില്‍ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താന്‍ തയാറുണ്ടോ? കേരളത്തിലെ മുന്‍ മന്ത്രിമാരടക്കം, ഇപ്പോഴത്തെ മന്ത്രിമാരടക്കം ചോദ്യം ചെയ്യപ്പെടാന്‍ യോഗ്യരായി തീരുമെന്ന ഭയം അവര്‍ക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐക്ക് വിടൂ’ -സുരേഷ് ഗോപി പറഞ്ഞു.

