കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ക്രിമിനല്‍ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുന്‍പ് പല കേസുകളിലും പ്രതിയാണെന്നുമുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
ഉപഹാര വിതരണത്തില്‍ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയില്‍ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പില്‍ വരുത്തി. ദിവ്യ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

