പാട്‌ന: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നേരത്തെ സ്ഥാപിച്ച ജന്‍ സുരാജ് എന്ന സംഘടനയെ ജന്‍ സുരാജ് പാര്‍ട്ടിയായി പ്രഖ്യാപിച്ചാണ് പ്രശാന്ത് കിഷോറിന്റെ രംഗപ്രവേശനം. ഗാന്ധിജയന്തി ദിനത്തില്‍ പട്‌ന വെറ്ററിനറി കോളജ് ഗ്രൗണ്ടില്‍ വന്‍ റാലി സംഘടിപ്പിച്ചുകൊണ്ടാണ് പാര്‍ടി പ്രഖ്യാപനം നടത്തിയത്.
ഒരു വര്‍ഷത്തിനകം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ പാര്‍ട്ടിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വിദേശകാര്യ സര്‍വിസില്‍ നിന്ന് വിരമിച്ച മനോജ് ഭാരതിയാണ് പാര്‍ട്ടിയെ നയിക്കുക. ബിഹാറില്‍ അധികാരത്തിലെത്തുകയാണെങ്കില്‍ മദ്യനിരോധനം ഒഴിവാക്കുമെന്നും അതുവഴിയുള്ള വരുമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കുമെന്നും പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു.
കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങി സമൂഹം നേരിടുന്ന വെല്ലുവിളികളെ ഇല്ലായ്മ ചെയ്യുകയാണ് പാര്‍ടിയുടെ പ്രധാന അജണ്ട. യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കും. പാവപ്പെട്ടവരുടെ സാമൂഹിക പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും -പ്രശാന്ത് കിഷോര്‍ പറഞ്ഞു.
