ഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത പാപമാണെന്നും കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ഗാവോണില്‍ ലഖ്പതി ദീദി സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കൊല്‍ക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിന്റെ മുന്‍ഗണനയാണ്. താന്‍ ഈ വിഷയം ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഏത് സംസ്ഥാനമായാലും അവിടത്തെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും വേദനയും ദേഷ്യവും മനസിലാക്കാന്‍ കഴിയും. -മോദി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം പൊറുക്കാന്‍ കഴിയാത്ത പാപമാണ്. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം നടത്തുന്നത് ആരുതന്നെയായാലും ശിക്ഷിക്കപ്പെടണം ,ആരെങ്കിലും കുറ്റവാളിക്ക് സഹായം നല്‍കുന്നുണ്ടെങ്കില്‍ അവരും ശിക്ഷിക്കപ്പെടണമെന്നും മോദി പറഞ്ഞു.
