ഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ചര്‍ച്ച ചെയ്യാന്‍ പോവുന്ന അവിശ്വാസ പ്രമേയത്തിനെതിരെ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ച് പ്രസിഡന്റ് പി.ടി. ഉഷ. ഫുട്ബാള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബക്കെതിരെ പി.ടി ഉഷ കേന്ദ്രത്തിന് പരാതി നല്‍കി. ഒളിമ്പിക് അസോസിയേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നവരോടൊപ്പം ചേര്‍ന്ന് ജോയിന്റ് സെക്രട്ടറിയായ കല്യാണ്‍ ചൗബയും പ്രവര്‍ത്തിക്കുന്നുവെന്ന് ഉഷ പരാതിയില്‍ പറയുന്നു. കല്യാണ്‍ ചൗബ പുറത്തുവിട്ട യോഗത്തിന്റെ അജണ്ട തെറ്റാണെന്നും നിയമവിരുദ്ധ നടപടിയാണെന്നും ഉഷ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ 25ന് ചേരുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രത്യേക യോഗത്തിന്റെ അജണ്ടയിലാണ് പ്രസിഡന്റ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. 25ന് നടക്കുന്ന യോഗത്തിലെ 26ാം അജണ്ടയായാണ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുക. ‘സംഘടനാ ഭരണഘടനയുടെ ലംഘനവും ഇന്ത്യന്‍ കായികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന നടപടികളും ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുകയും പരിഗണിക്കുകയും ചെയ്യും’ എന്നാണ് അജണ്ടയായി രേഖപ്പെടുത്തിയിട്ടുള്ളത്.

